ശ്രീ ചിത്രാ ആര്‍ട്ട് ഗ്യാലറി എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ച ചിത്രലായം 1935 സെപ്റ്റംബര്‍ 25 നാണ് അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.
ജനങ്ങളുടെ കലാപരമായ അഭിരുചിയുടെ വികസനവും ആസ്വാദനവും ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചത്. പ്രദര്‍ശനത്തില്‍ പ്രധാനപ്പെട്ടവ രാജാ രവി വര്‍മ്മയുടെ കലാ സൃഷ്ടികള്‍ ആയിരുന്നു. മികച്ച ലളിത കലകളുടെ ഒരു സ്മാരകമായി നില കൊള്ളുന്ന ഇവിടെ ഇന്ത്യയിലെയും ഏഷ്യയിലെ മറ്റു ഭാഗങ്ങളുടെയും വ്യത്യസ്തങ്ങളായ ചിത്രശേഖരത്തില്‍ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ മുദ്ര പതിപ്പിച്ചിരിക്കുന്നു. രാജാ രവിവര്‍മ്മയുടെയും കിളിമാനൂര്‍ രാജവംശത്തിലെ മറ്റു ചിത്രകാരൻമാരുടെയും സൃഷ്ടികളില്‍ എണ്ണ ഛായത്തില്‍ യൂറോപ്പ്യന്‍ സ്വാധിനത്തില്‍ നിന്നുള്ള നേട്ടം പ്രതിഫലിപ്പിക്കുന്നു. കിളിമാനൂര്‍ രാജകുടുംബത്തിന്‍റെ കാരുണ്യം കൊണ്ട് സ്ഥിരം ലോണ്‍ ആയി ലഭിച്ച രാജാരവിവര്‍മ്മയുടെ 46 യഥാര്‍ത്ഥ പെയിന്‍റിങ്ങുകള്‍ ഇന്ത്യന്‍ ചിത്രകലയുടെ പ്രധാന ഘട്ടത്തിന് ഉദാഹരണമാണ്. ഇവയെ കൂടാതെ 16 പെന്‍സില്‍ സ്കെച്ചുകളും 14 ക്രോമോ ലിത്തോഗ്രാഫുകളും കലാകാരന്‍റെ ഈസലിനൊപ്പം ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .